കേരള സർവീസ് റൂൾസിലെ മൂന്നാമത്തെ ഭാഗത്തിലാണ് പെൻഷനുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഇതിൽ 151 റൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
01-11-1956 ലാണ് കേരള സർവീസ് റൂൾസിലെ ഭാഗം lll നിലവിൽ വന്നത്.
ലിബറലൈസ്ഡ് പെൻഷൻ റൂളുകൾ 14-11-1966 ൽ നിലവിൽ വന്നു.
സൂപ്പറാന്വേഷൻ (റൂൾ 55, കെ.എസ്.ആർ ഭാഗം-lll)
നിശ്ചിതപ്രായം പൂർത്തിയാകുന്നതിനാൽ സേവനത്തിൽ നിന്നും പിരിയുന്ന രീതി.
ചില സേവനമേഖലകളിലൊഴികെ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. (ജി.ഒ.(പി) നം. 170/2012 ഫിൻ. തീയതി 22-03-2012)
വിവിധ സേവനമേഖലകളിലെ പെൻഷൻ പ്രായപരിധികൾ
- അഖിലേന്ത്യാ സർവീസുകൾ (ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയവ) 60 വയസ്സ്
- ഹൈക്കോടതി ജഡ്ജിമാർ 62 വയസ്സ്.
- കേരള ജുഡീഷ്യൽ സർവീസിലെ ഓഫീസർമാർ 60 വയസ്സ്. എന്നാൽ ഇവർക്ക് 58 വയസ്സിൽ റിട്ടയർ ചെയ്യുന്നതിനുള്ള അവസരമുണ്ട്.
- കെ.ഇ.ആർ XIV B, Chapter 3-ലെ Ist statute പ്രകാരമുള്ള Aided School അധ്യാപകർ 60 വയസ്സ്
- മെഡിക്കൽ എഡ്യുക്കേഷൻ സർവീസിലെ സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ, ഡോക്ടർമാർ-62 വയസ്സ് (2018 ഏപ്രിൽ 1 മുതൽ പ്രാബല്യം- ഈ ആനുകൂല്യം ഡെൻറൽ, ലഴ്സിങ് കോളേജുകളിലെ അധ്യാപകർക്കു ബാധകമല്ല).
- ആരോഗ്യവകുപ്പിലെ ഡോക്ടർമാർ- 60 വയസ്സ് (2018 ഏപ്രിൽ 1 മുതൽ പ്രാബല്യം)
- Part time Contingent ജീവനക്കാർ 70 വയസ്സ്
- മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ കണ്ടിൻജൻറ് ജീവനക്കാർ 60 വയസ്സ്.
- NPS (നാഷണൽ പെൻഷൻ സ്കീം) ബാധകമായവർക്ക് 60 വയസ്സ്
റിട്ടയറിങ് പെൻഷൻ (റൂൾ 56 കെ.എസ്.ആർ ഭാഗം-lll)
- സ്വമേധയാ പിരിഞ്ഞുപോകുന്നു. ഇതിനെ വോളൻററി റിട്ടയർമെൻറ് എന്നും അറിയപ്പെടുന്നു.
- ഇതിന് 20 വർഷത്തെ സേവനകാലയളവ് ആവശ്യമാണ്.
- യോഗ്യസേവനകാലയളവ് (20 വർഷമെന്നുള്ളത്) അക്കൌണ്ടൻറ് ജനറൽ സാക്ഷ്യപ്പെടുത്തണം.
- റിട്ടയർചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർ പ്രസ്തുത വിവരം മൂന്നുമാസം മുൻപേ അധികൃതരെ (നിയമന/പെൻഷൻ സാങ്ഷനിങ്) അറിയിക്കണം.
- വോളൻററി റിട്ടയർമെൻറിന് അനുമതി കിട്ടിയവർക്ക് അവരുടെ അപേക്ഷ പിൻവലിക്കുന്നതിനും അവകാശമുണ്ട്.
- ഇതിന് സർക്കാർ അനുമതി ആവശ്യമാണ്.
- റിട്ടയർ ചെയ്യാൻ തീരുമാനിച്ച തീയതിക്കു മുൻപേ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം.
- ഇതിന് പരമാവധി അഞ്ച് വർഷംവരെ സർവീസ് വെയിറ്റേജ് അനുവദിക്കും.
- സർവീസ് വെയിറ്റേജ് സൂപ്പറാന്വേഷൻ കാലപരിധിക്കുള്ളിൽ നിന്നുമായിരിക്കും അനുവദിക്കുക. ഉദാഹരണം- റിട്ടയർ ചെയ്യാൻ മൂന്ന് വർഷം അവശേഷിക്കുന്നുവെങ്കിൽ അത്രയും കാലയളവു മാത്രം.
- 20 വർഷം എന്നുള്ളതിൽ റൌളിങ് അനുവദിക്കില്ല.
- അച്ചടക്ക നടപടികൾ തീർപ്പാക്കാനുണ്ടെങ്കിൽ റിട്ടയർമെൻറ് അനുവദിക്കില്ല.
- റിട്ടയർമെൻറിന് അപേക്ഷിച്ച ശേഷം ഉത്തരവാകുന്നതുവരെയുള്ള ഇടവേളയിൽ ജീവനക്കാരന് തൻറെ ക്രെഡിറ്റിലുള്ള അവധികൾ എടുക്കാവുന്നതാണ്.
- ലീവ് നോട്ട് ഡ്യൂവിൽ (LND) തുടരുന്ന ജീവനക്കാർ പ്രസ്തുത അവധി ആരംഭിച്ച തീയതി മുതൽ വിരമിച്ചതായി പരിഗണിച്ച് ലീവ് സാലറി ഡി.സി.ആർ.ജി യിൽ നിന്നും തിരിച്ചുപിടിക്കും.
- റിട്ടയർചെയ്യാനനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്ന തീയതി മുതൽ ജീവനക്കാരൻ വിരമിച്ചതായി കണക്കാക്കുന്നു.
- വിരമിക്കൽ തീയതി അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ജീവനക്കാരൻ വിരമിക്കാൻ ആഗ്രഹിച്ച തീയതിക്കകം കിട്ടാത്ത സാഹചര്യത്തിൽ അഥവാ ജീവനക്കാരൻറെ അപേക്ഷ നിരസിച്ചതായി അറിയിക്കാത്ത സാഹചര്യത്തിൽ ജീവനക്കാരൻ വിരമിക്കാൻ ആഗ്രഹിച്ച തീയതിയിൽതന്നെ വിരമിച്ചതായി കണക്കാക്കാം.
- ശൂന്യവേതനാവധിയിലുള്ളവർക്കും മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി സേവനത്തിൽ തിരിച്ചെത്താതെ വിരമിക്കാവുന്നതാണ്.
- സ്വയംഭരണ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരനിയമനം ലഭിക്കുന്നതിനായി പിരിയുന്നവർക്ക് റൂൾ 56 പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദനീയമല്ല.
- ജീവനക്കാരൻറെ അപേക്ഷ പരിഗണിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മേലധികാരി അക്കാര്യം രേഖാമൂലം ജീവനക്കാരനെ അറിയിക്കേണ്ടതാണ്.
- മേലധികാരിതന്നെ ഇക്കാര്യം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യണം.
കോമ്പൻസേഷൻ പെൻഷൻ (റൂൾ 33 കെ.എസ്.ആർ ഭാഗം-lll)
- ഒരു തസ്തിക നിർത്തലാക്കുന്നതുമൂലം അനുവദിക്കപ്പെടുന്ന പെൻഷൻ ആനുകൂല്യമാണിത്.
- തസ്തിക നിർത്തലാക്കുമ്പോൾ ചില സാഹചര്യങ്ങളിൽ, നിർത്തലാക്കിയ തസ്തികയ്ക്ക് തുല്യമായ തസ്തിക ജീവനക്കാരന് ലഭ്യമാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരൻ കുറഞ്ഞ നിരക്കിലുള്ള ഒരു തസ്തിക സ്വീകരിക്കുകയോ പിരിഞ്ഞുപോകുകയോ ആവാം.
- പിരിഞ്ഞുപോകാൻ തീരുമാനിച്ചാൽ സർവീസ് കാലയളവിനനുസൃതമായി കോമ്പൻസേഷൻ പെൻഷൻ അനുവദിക്കുന്നു.
- കോമ്പൻസേഷൻ പെൻഷനൊപ്പം കോമ്പൻസേഷൻ ഗ്രാറ്റിവിറ്റിയും അനുവദിക്കുന്നു.
- കുടുംബ പെൻഷൻ, കമ്യൂട്ടേഷൻ. ഡി.സി.ആർ.ജി എന്നിവയ്ക്കും ഇവർ അർഹരാണ്.
- തസ്തിക നിർത്തലാക്കുന്ന വിവരം മൂന്നുമാസം മുൻപേ ജീവനക്കാരനെ രേഖാമൂലം അറിയിക്കണം.
- അറിയിപ്പ് നൽകാൻ കാലതാമസമുണ്ടായാൽ അത്രയും കാലയളവിലെ ശമ്പളം മറ്റാനുകൂല്യങ്ങൾ എന്നിവകൂടി ജീവനക്കാരന് അധികമായി അനുവദിക്കേണ്ടതാണ്.
- കോമ്പൻസേഷൻ ഗ്രാറ്റിവിറ്റിക്കർഹമായ കാലയളവ് അവസാനിക്കുന്നതിൻറെ അടുത്ത ദിവസം മുതൽ കോമ്പൻസേഷൻ പെൻഷന് അർഹത നേടുന്നു.
- ജീവനക്കാരൻ അവധിയിലാണെങ്കിൽ അവധി അവസാനിച്ചതിനുശേഷമേ തസ്തിക നിർത്തലാക്കുകയുള്ളൂ.