മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയായിരുവല്ലൊ! കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

ഓണപ്പൂക്കളം

ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌  അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. ‘അത്തം പത്തോണം’ എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി  ചാണകം  മെഴുകി  പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു.  ചോതിനാൾ മുതൽ മാത്രമേ  ചെമ്പരത്തിപ്പൂവിന്  പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. ‘ഉണ്ടറിയണം ഓണം’ എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം.  കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌-  കടുമാങ്ങ,  നാരങ്ങ,  ഇഞ്ചിപ്പുളി,  ഇഞ്ചിതൈര്.  പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ  പഴനുറുക്കും  പഴവും  പാലടയും  പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം  പരിപ്പുകറിയാണ് വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ  പച്ചമോര്  നിർബന്ധം. ഇവിടെ ഓണത്തിന്‌  മരച്ചീനിയും  വറക്കാറുണ്ട്‌.  എള്ളുണ്ടയും  അരിയുണ്ടയുമാണ് മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു.  പുളിശ്ശേരിയും  മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.ഡോ.രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്.നമ്പൂരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.ഈഴവരാദി പിന്നോക്കർ തങ്ങളുടെ രാജാവായ മഹാബലിയുടെ ദാരുണാന്ത്യത്തിൽ ദു:ഖിച്ചുവന്നു.

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”

ഓണച്ചൊല്ലുകൾ

ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. “കാണം വിറ്റും ഓണം ഉണ്ണണം”, ” ഉള്ളതുകൊണ്ട് ഓണം പോലെ” എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.

  • അത്തം പത്തിന് പൊന്നോണം
    • അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു.
  • അത്തം പത്തോണം. [ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.]
  • അത്തം വെളുത്താൽ ഓണം കറുക്കും.
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ.
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
  • ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം. [ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.]
  • ഉള്ളതുകൊണ്ട് ഓണം പോലെ. [ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.]
  • ഉറുമ്പു ഓണം കരുതും പോലെ.
  • ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.
  • ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
  • ഓണം കേറാമൂല.
  • പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം.
  • ഓണം പോലെയാണോ തിരുവാതിര?
  • ഓണം മുഴക്കോലുപോലെ.
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
  • ഓണം വരാനൊരു മൂലം വേണം.
  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  • ഓണത്തിനല്ലയൊ ഓണപ്പുടവ.
  • ഓണത്തേക്കാൾ വലിയ വാവില്ല.
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.
  • കാണം വിറ്റും ഓണമുണ്ണണം. [ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാ‍ലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.]
  • തിരുവോണം തിരുതകൃതി.
  • തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്.

By JF DAS

Admin

Leave a Reply