ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും, ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്നു ഹിപ്പോയിലെ അഗസ്തീനോസ് (ജനനം: എ.ഡി-354 നവംബർ 13, മരണം: എ.ഡി-430 ഓഗസ്റ്റ് 28). വിശുദ്ധ അഗസ്റ്റിൻ (സെയ്ന്റ് അഗസ്റ്റിൻ), വിശുദ്ധ ഓസ്റ്റിൻ, ഔറേലിയുസ് അഗസ്തീനോസ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. മിലാനിലെ മെത്രാനായിരുന്ന അബ്രോസ്, വിശുദ്ധ ജെറോം, വിശുദ്ധ ഗ്രിഗോരിയോസ് എന്നിവർക്കൊപ്പം പാശ്ചാത്യ ക്രിസ്തീയതയിലെ നാലു മുഖ്യ സഭാപിതാക്കന്മാരിൽ ഒരാളാണ് അദ്ദേഹം. അവരിൽ സ്വാധീനത്തിലും പ്രസിദ്ധിയിലും മുമ്പൻ അഗസ്തീനോസാണ്.

റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ കൂട്ടായ്മയും അഗസ്തീനോസിനെ വിശുദ്ധനും വേദപാരംഗതന്മാരിൽ മുമ്പനും ആയി മാനിക്കുന്നു. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുന്നു. ദൈവകൃപവഴിയുള്ള രക്ഷയിൽ ഊന്നൽ കൊടുക്കുന്ന കാൽ‌വിൻ‌വാദികളെപ്പോലുള്ള പ്രൊട്ടസ്റ്റന്റു വിഭാഗക്കാർ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ മുഖ്യ പ്രേരകശക്തിയായ സഭാപിതാവായി ആഗസ്തീനോസിനെ കരുതുന്നു. പാശ്ചാത്യസഭയിൽ ആഗസ്റ്റ് മാസം 28-ആം തീയതി അദ്ദേഹത്തിന്റെ സ്മരണദിനമാണ്‌. പൗരസ്ത്യ ഓർത്തഡൊക്സ് സഭ അഗസ്തീനോസിനെ വാഴ്ത്തപ്പെട്ടവനായി കണക്കാക്കി ജൂൺ 15-ന്‌ അദ്ദേഹത്തിന്റെ സ്മരണ കൊണ്ടാടുന്നു. ഓർത്തഡോക്സ് വിഭാഗം അദ്ദേഹത്തെ വാഴ്ത്തപ്പെട്ട അഗസ്തീനോസ്, വാഴ്ത്തപ്പെട്ട വിശുദ്ധ അഗസ്തീനോസ് എന്നൊക്കെ വിളിക്കുന്നു.

“പുരാതനമായ വിശ്വാസത്തെ പുതുക്കി സ്ഥാപിച്ചവൻ” എന്ന് സമകാലീനനായിരുന്ന ജെറോം അഗസ്തീനോസിനെ വിശേഷിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ മനിക്കേയിസവും തുടർന്ന് പ്ലോട്ടിനസിന്റെ നവപ്ലേറ്റോണിസവും അദ്ദേഹത്തെ സ്വാധീനിച്ചെങ്കിലും ക്രി.വ. 387-ലെ ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവർത്തനത്തിനും ജ്ഞാനസ്നാനത്തിനും ശേഷം, തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും ഒട്ടേറെ വീക്ഷണകോണുകൾ ഉൾക്കൊള്ളുന്ന സ്വന്തമായൊരു നിലപാട് അദ്ദേഹം രൂപപ്പെടുത്തി. മനുഷ്യസ്വാതന്ത്ര്യത്തിന്‌ ദൈവത്തിന്റെ കൃപ ഒഴിച്ചുകൂടാത്തതാണെന്ന് അദ്ദേഹം വിശ്വസിച്ചു. “ജന്മപാപം”, “ധർമ്മയുദ്ധം” തുടങ്ങിയ മത, രാഷ്ട്രീയ സങ്കല്പങ്ങൾ ക്രൈസ്തവ ലോകത്തിന്‌ സമ്മാനിച്ചത് അഗസ്തീനോസാണ്‌. പാശ്ചാത്യ റോമാസാമ്രാജ്യം തകർച്ചയിലേയ്ക്ക് നീങ്ങിയപ്പോൾ രചിച്ച “ദൈവനഗരം” എന്ന കൃതിയിൽ, ജഡികമായ ഭൗതികനഗരത്തിൽ നിന്ന് വ്യതിരിക്തമായ ദൈവനഗരമായി അദ്ദേഹം ക്രിസ്തീയസഭയെ ചിത്രീകരിച്ചു. അഗസ്തീനോസിന്റെ ചിന്ത, മദ്ധ്യകാല ലോകവീക്ഷണത്തെ അടിസ്ഥാനപരമായി സ്വാധീനിച്ചു. ക്രിസ്തുമതവും, ത്രിത്വൈകദൈവത്തെ ആരാധിക്കുന്ന വിശ്വാസികളുടെ സമൂഹവും അഗസ്തീനോസ് വരച്ചുകാട്ടിയ “ദൈവനഗരം” തന്നെയായി അക്കാലത്ത് കണക്കാക്കപ്പെട്ടു.

ഇന്നത്തെ അൽജീറിയയിലെ സൂക്ക് അഹ്രാസിൽപ്പെടുന്ന താഗാസ്തെ നഗരത്തിൽ പേഗൻ മതാനുയായി പട്രീഷ്യസിന്റേയും ക്രിസ്ത്യാനിയായിരുന്ന മോനിക്കയുടേയും മകനായി അഗസ്തീനോസ് ജനിച്ചു. ഉത്തരാഫ്രിക്കയിൽ തന്നെ വിദ്യാഭ്യാസം നടത്തിയ അദ്ദേഹം ക്രിസ്തീയവിശ്വാസം ആശ്ലേഷിക്കാനുള്ള മാതാവിൻറെ നിർബ്ബന്ധത്തെ ഏറെക്കാലം ചെറുത്തുനിന്നു. പേഗൻ ബുദ്ധിജീവിയായി ജീവിച്ച അക്കാലത്ത് ഒരു സ്ത്രീയെ വെപ്പാട്ടിയാക്കിയ അഗസ്തീനോസിന്‌ അവളിൽ അദയോദാത്തസ് എന്ന മകൻ പിറന്നു. ഇതിനിടെ മനിക്കേയൻ വിശ്വാസത്തിന്റെ പ്രഭാവത്തിൽ വന്ന അദ്ദേഹം മിലാനിലെ മെത്രാൻ അംബ്രോസിന്റെ പ്രഭാഷണങ്ങൾ കേട്ടതിനെ തുടർന്ന് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ശേഷം ജന്മനാടായ ഉത്തരാഫ്രിക്കയിലേയ്ക്കു മടങ്ങി. അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു. അക്കാലത്ത്, തന്നെ നേരത്തെ ആകർഷിച്ച മനിക്കേയമതക്കാർ, ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോയവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി വ്യത്യസ്തമായ വീക്ഷണം പുലർത്തിയ ഡൊണാറ്റിസ്റ്റുകൾ, ദൈവകൃപകൂടാതെ സ്വാതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ നന്മ തെരഞ്ഞെടുത്ത് രക്ഷയ്ക്ക് അർഹരാകാനുള്ള കഴിവ് മനുഷ്യനുണ്ടെന്ന് കരുതിയ പെലേജിയന്മാർ എന്നിവരുമായി അദ്ദേഹം ഏറ്റുമുട്ടി.

അഗസ്റ്റിൻറെ ബാല്യം

ഉത്തരാഫ്രിക്കയിൽ ഇന്നത്തെ അൽജീരിയയിലെ ഉൾനാടൻ പട്ടണമായ തഗാസ്തെയിൽ ക്രിസ്തു വർഷം 354-ൽ ഇതരമതസ്ഥനായ പട്രീഷ്യസിന്റേയും ക്രിസ്ത്യാനിയായ  മോനിക്കയുടേയും മകനായി അഗസ്തീനോസ് ജനിച്ചു. 75 വയസ്സു വരെ ജീവിച്ച അദ്ദേഹം അതിൽ 71 വർഷവും ജന്മനാടായ ഉത്തരാഫ്രിക്കയിലാണ്‌ കഴിച്ചത്. അദ്ദേഹത്തിന്റെ പിതാവ് “ഞെരുക്കമുള്ള സാമ്പത്തികനിലയും അയഞ്ഞ ബോദ്ധ്യങ്ങളും” ഉള്ളയാളായിരുന്നു. പട്രീഷ്യസിന്റെ അവിശ്വസ്തതകളെ, അവയ്ക്ക് എന്നെങ്കിലും അറുതിവരുമെന്ന വിശ്വാസത്തിൽ മോനിക്കാ സഹിച്ചു. പട്രീഷ്യസിനെക്കുറിച്ച് വളരെക്കുറച്ചു പരാമർശങ്ങൾ മാത്രമേ അഗസ്തീനോസ് കൺഫെഷൻസ് എന്നു പേരുള്ള തന്റെ ജീവചരിത്രത്തിൽ നടത്തുന്നുള്ളു. അമ്മയും മകനുമായുള്ള ബന്ധത്തിന്റെ തീവ്രത ആ കൃതിയെ ഗ്രസിച്ചു നിൽക്കുന്നു. തഗാസ്തെയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അഗസ്തീനോസ് പതിനൊന്നാമത്തെ വയസ്സിൽ തുടർന്നുള്ള പഠനത്തിനായി പത്തൊൻപതു മൈൽ തെക്കുള്ള മദോരയിലേയ്ക്ക് പോയി. അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു. വീട്ടുകാർ തുടർന്നുള്ള വിദ്യാഭ്യാസത്തിന്‌ ധനം സമാഹരിക്കാനെടുത്ത സമയം ക്രി.വ. 369-70 കാലത്ത് അഗസ്തീനോസ് വീട്ടിൽ കഴിഞ്ഞു.

കൺഫെഷൻസിൽ അഗസ്തീനോസ് ബാല്യത്തിലെ ഒട്ടേറെ അനുഭവങ്ങൾ നിരത്തുന്നുണ്ട്. മാതൃഭാഷയായ ലത്തീനിൽ അനായാസം പ്രാവീണ്യം നേടിയ അദ്ദേഹത്തിന്‌, അദ്ധ്യാപകന്മാർ അടികൊടുത്തു പഠിപ്പിച്ച ഗ്രീക്ക് ഭാഷ ഒരിക്കലും പൂർണ്ണമായി വഴങ്ങിയില്ല. നിർബ്ബന്ധത്തേയും ശിക്ഷയോടുള്ള ഭയത്തേയുംകാൾ സ്വന്തവും സ്വതന്ത്രവുമായ ജിജ്ഞാസയാണ്‌ വിദ്യാഭ്യാസത്തിനു പറ്റിയ ഉപാധിയെന്ന് ഇതിനെ അടിസ്ഥാനമാക്കി അഗസ്തീനോസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ശിക്ഷയ്ക്ക് വിദ്യാഭ്യാസത്തിലുള്ള സ്ഥാനത്തെ അദ്ദേഹം തള്ളിപ്പറയുന്നില്ല. സ്വാതന്ത്ര്യം വഴിതെറ്റിപ്പോകാതിരിക്കാൻ ശിക്ഷണം ആവശ്യമാണെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്. രാത്രി നഗരത്തിൽ ചുറ്റിക്കറങ്ങിയിരുന്ന താനും കൂട്ടുകാരും ഒരിക്കൽ വീടിനടുത്തുള്ളൊരു തോട്ടത്തിലെ പേരമരത്തിലെ കായ്കൾ മുഴുവൻ മോഷ്ടിച്ച കാര്യം ഏറെ കുറ്റബോധത്തോടെ ആഗസ്തീനോസ് എഴുതുന്നുണ്ട്. വിശന്നിട്ടോ അതിലും നല്ല പഴം വീട്ടിൽ തന്നെ ഇല്ലാതിരുന്നിട്ടോ അല്ലാതെ, വെറുതേ ഒരു രസത്തിനു വേണ്ടി നടത്തിയ ആ മോഷണത്തെ തിന്മയിലേയ്ക്കുള്ള തന്റെ ചായ്‌വിന്റെ തെളിവായാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. വിവരിക്കാനാവത്ത ദുഷ്ടതയായി ആ പ്രവൃത്തിയെ ചിത്രീകരിച്ച് അതിനെപ്പറ്റി പരിതപിക്കാനായി അദ്ദേഹം ആത്മകഥയിൽ ഏഴദ്ധ്യായങ്ങൾ മാറ്റിവച്ചിരിക്കുന്നു. മദോരയിലെ പഠനം പൂർത്തിയാക്കിയതിനുശേഷം കാർത്തേജിൽ ഉന്നതപഠനത്തിനു പോകുന്നതിനു മുൻപ് വീട്ടിൽ കഴിഞ്ഞ നാളുകളിൽ, മകൻ നഗരത്തിലെ റോമൻ സ്നാനസങ്കേതങ്ങൾ സന്ദർശിക്കുന്നതറിഞ്ഞ അച്ഛൻ, തനിക്കു പേരക്കിടാങ്ങളുണ്ടാകാൻ പോകുന്നുവെന്നതിന്റെ സൂചനയായി അതിനെ സന്തോഷപൂർ‌വം അമ്മയെ അറിയിച്ച കാര്യവും അദ്ദേഹം എഴുതുന്നു. അമ്മയാകട്ടെ മകന്റെ ഈ “സദാചാരഭ്രംശത്തിൽ” ദുഖിച്ചു.

അഗസ്റ്റിൻ കാർത്തേജിൽ

ക്രി.വ. 370 അവസാനത്തോടടുത്ത് പതിനേഴാമത്തെ വയസ്സിൽ കുടുംബസുഹൃത്തായിരുന്ന റൊമാനിയാനൂസ് എന്ന റോമൻ പൗരന്റെ സാമ്പത്തിക സഹായം കൊണ്ട് ആഗസ്തീനോസ് ഉപരിപഠനാർത്ഥം ഉത്തരാഫ്രിക്കയിലെ പ്രാചീനനഗരമായ കാർത്തേജിലെത്തി.  വ്യഭിചരിക്കരുതെന്നും വിവാഹിതരായ സ്ത്രീകളെയെങ്കിലും വഴിപിഴപ്പിക്കരുതെന്നുമുള്ള ഉപദേശം നൽകിയാമണ്‌ മോനിക്ക മകനെ അയച്ചത്. അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു. അക്കാലത്താണ്‌ പതിനഞ്ചു വർഷക്കാലം തന്റെ ജീവിതസഖിയായിരിക്കുകയും ഒരു മകനു ജന്മം നൽകുകയും ചെയ്ത സ്ത്രീയുമായുള്ള ബന്ധം ആഗസ്തീനോസ് തുടങ്ങുന്നത്. മകൻ ജനിക്കുമ്പോൾ അദ്ദേഹത്തിനു പതിനെട്ടു വയാസ്സായിരുന്നു പ്രായം. തന്റെപാപത്തിന്റെ പുത്രൻഎന്നു വിശേഷിപ്പിച്ച ആ മകനെ അദ്ദേഹം ദൈവത്തിന്റെ സമ്മാനം എന്നർത്ഥം വരുന്ന അദയോദാത്തസ് എന്നു വിളിച്ചു. അതിനടുത്തെങ്ങോ അഗസ്തീനോസിന്റെ പിതാവ് മരിച്ചു. റോമൻ ചിന്തകൻസിസറോയുടെഇന്നു നഷ്ടമായിരിക്കുന്ന “ഹോർട്ടൻഷിയസ്”(Hortensius) എന്ന കൃതി വായിച്ച അദ്ദേഹം തത്ത്വചിന്തയുടെ ആകർഷണത്തിൽ വന്നതാണ്‌ കാർത്തേജിലെ പഠനകാലത്തെ മറ്റൊരു പ്രധാന സംഭവം. ലത്തീൻ ഇതിഹാസങ്ങൾക്കൊപ്പം ബൈബിളും വായിക്കാൻ ശ്രമിച്ചെങ്കിലും, സിസറോയുടെ ഗാംഭീര്യവുമായുള്ള താരതമ്യത്തിൽ പഴയനിയമവും മറ്റും അദ്ദേഹത്തിന്‌ പരുക്കൻ രചനകളായാണ്‌ അന്ന് അനുഭവപ്പെട്ടത്. തത്ത്വചിന്തയിൽ, പ്രത്യേകിച്ച് ലോകത്തിലെ തിന്മയുടെ ഉത്ഭവത്തിൽ പ്രത്യേക താത്പര്യം കാട്ടിയ അഗസ്തീനോസ് ക്രമേണ ദ്വൈതചിന്തയിലടിയുറച്ച മനിക്കേയ മതവുമായി അടുത്തു.

കാർത്തേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഗസ്തീനോസ് ആദ്യം സ്വന്തം നഗരമായ തഗാസ്തെയിൽ വ്യാകരണവും തുടർന്ന് കാർത്തേജിൽ പ്രസംഗകലയും പഠിപ്പിച്ചു. ഇക്കാലത്തും മനിക്കേയ മതവുമായുള്ള ബന്ധം അദ്ദേഹം തുടർന്നു. എന്നാൽ മനിക്കേയൻ വിശ്വാസങ്ങളെപ്പറ്റി കൂടുതൽ അറിയാനുള്ള ശ്രമം കൂടുതൽ സംശയങ്ങളിലാണ്‌ ചെന്നെത്തിയത്. ആ മതത്തിന്റെ വിശ്വാസ സംഹിതകളെപ്പറ്റിയുള്ള അഗസ്തീനോസിന്റെ സംശയങ്ങൾക്ക് ലഭിച്ചിരുന്ന മറുപടി, മനിക്കേയൻ മെത്രാനും മഹാജ്ഞാനിയുമായ ഫാസ്റ്റസ് എല്ലാ സംശയങ്ങൾക്കും നിവാരണം വരുത്തും എന്നായിരുന്നു. ഒടുവിൽ കാർത്തേജിൽ അദ്ദേഹം ഫാസ്റ്റസിനെ കണ്ടുമുട്ടി. ആ കൂടിക്കാഴ്ചയിലെ അനുഭവം നിരാശയായിരുന്നു. ശാസ്ത്രീയ സംസ്കൃതിയുമായി വിദൂരബന്ധം പോലുമില്ലത്ത മൂന്നാംകിട താർക്കികൻ മാത്രമാണ്‌ ഫാസ്റ്റസെന്ന് മനസ്സിലായതോടെ മനിക്കേയമതത്തിലുള്ള അഗസ്തീനോസിന്റെ വിശ്വാസത്തിന്‌ ഇളക്കം തട്ടി. എങ്കിലും അതുമായുള്ള ബന്ധം അദ്ദേഹം തീർത്തും ഉപേക്ഷിച്ചില്ല. മനിക്കേയരുമായുള്ള അഗസ്തീനോസിന്റെ ബന്ധം ഒൻപതു വർഷം നീണ്ടുനിന്നെങ്കിലും, അവർക്കിടയിൽ താഴേക്കിടയിലുള്ള ശ്രോതാവിന്റെ പദവിയ്ക്കപ്പുറം അദ്ദേഹം ഉയർന്നില്ല.

ഇറ്റലിയിലെ ഇടവേള

റോം, മിലാൻ, അംബ്രോസ്

ഇതിനിടെ അദ്ധ്യാപകനെന്ന നിലയിൽ കാർത്തേജിലെ അനുഭവവും നന്നായിരുന്നില്ല. പഠനത്തിൽ താത്പര്യം പ്രകടിപ്പിക്കാത്ത ഉഴപ്പന്മാരായ വിദ്യാർത്ഥികളാണ്‌ അവിടെയുണ്ടായിരുന്നത്. അതിനാൽ, കൂടുതൽ സംതൃപ്തി ലഭിക്കുന്ന അദ്ധ്യാപക ജോലിക്കായി അഗസ്തീനോസ് ക്രി.വ. 383-ൽ 29-ആമത്തെ വയസ്സിൽ റോമിലേയ്ക്ക് പോകാനൊരുങ്ങി. മകനെ അതിൽ നിന്നു തടയാനോ അതിനായില്ലെങ്കിൽ കൂടെപ്പോകാനോ ഒരുങ്ങി ഒപ്പമെത്തിയ അമ്മയുടെ കണ്ണുവെട്ടിച്ച് രാത്രിയിലാണ്‌ അദ്ദേഹം കപ്പൽ കയറിയത്. റോമിൽ അഗസ്തീനോസ് പ്രസംഗകല പഠിപ്പിക്കുന്ന ഒരു വിദ്യാലയം തുറന്നെങ്കിലും അവിടേയും അനുഭവം നന്നായിരുന്നില്ല. പുതിയ ശിഷ്യന്മാർ പഠനത്തിൽ തത്പരരായിരുന്നെങ്കിലും വിദ്യാഭ്യാസത്തിനൊടുവിൽ ഗുരുവിന്‌ നൽകേണ്ട പ്രതിഫലം കൊടുക്കാതെ സ്ഥലം വിടുന്നവരായിരുന്നു. ഇതിനിടെ ഇറ്റലിയിലെ മിലാനിൽ ഒഴിവുവന്ന ഒരു പ്രൊഫസറുടെ സ്ഥാനത്തേയ്ക്ക് അപേക്ഷിച്ച അഗസ്തീനോസിന്‌ ആ പദവി ലഭിച്ചു. മിലാനിൽഅദ്ദേഹം അവിടത്തെ മെത്രാനും പ്രമുഖ പ്രഭാഷകനുമായിരുന്ന അംബ്രോസിന്റെ പ്രഭാവത്തിൽ പെട്ടു. ഒരു സന്ദർശനത്തെ തുടർന്ന് അംബ്രോസിന്റെ പെരുമാറ്റത്തിൽ മതിപ്പു തോന്നിയ അഗസ്തീനോസ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ പതിവുശ്രോതാവായി. ക്രൈസ്തവാശയങ്ങളെ ബൗദ്ധിക പരിവേഷം നൽകി അവതരിപ്പിച്ച ആ പ്രഭാഷണങ്ങൾ ക്രിസ്തുമതംഒരു പ്രതിബൗദ്ധിക പ്രസ്ഥാനം ആണെന്ന അഗസ്തീനോസിന്റെ തോന്നലിൽ അയവു വരുത്തി. ഇക്കാലത്ത് അദ്ദേഹം പലതരം വിശ്വാസസംഹിതകളുമായി മല്ലടിക്കുകയായിരുന്നു. സംശയഭാവത്തിലുറച്ച അക്കാദമിക ദർശനവും നവപ്ലേറ്റോണികതയും എല്ലാം അദ്ദേഹത്തിന്റെ പരിഗണനയിൽ വന്നു. പ്ലേറ്റോയുടേയും അതിലുപരി നവപ്ലേറ്റോണികനായ പ്ലോട്ടിനസിന്റേയും രചനകളുടെ വായന, സ്ഥാനമാനങ്ങളും സമ്പത്തും സുഖഭോഗങ്ങളും ത്യജിച്ചുള്ള വൈരാഗിയുടെ ജീവിതത്തിൽ അദ്ദേഹത്തിനു താത്പര്യമുണ്ടാക്കി. ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ  ശേഷവും അഗസ്തീനോസിന്റെ ചിന്തയിൽ പ്ലോട്ടിനസിലുംമറ്റും നിന്നു കിട്ടിയ നവപ്ലേറ്റോണികതയുടെ സ്വാധീനം നിലനിന്നു. പ്ലേറ്റോയെ ക്രൈസ്തവീകരിച്ച അഗസ്തീനൊസിനെ ക്രിസ്തീയ പ്ലോട്ടിനസ് എന്ന് സർ‌വപ്പള്ളി രാധാകൃഷ്ണൻ വിശേഷിപ്പിച്ചിട്ടുണ്ട്.

മാനസാന്തരം

ഇതിനിടെ മകനെ പിന്തുടർന്ന് മിലാനിൽ എത്തിച്ചേർന്നിരുന്ന മോനിക്ക, അദയോദാത്തസിന്റെ അമ്മയെ ഉപേക്ഷിക്കാനും ‘മാന്യമായ’ ഒരു വിവാഹം കഴിക്കാനും അഗസ്തീനോസിനെ സമ്മതിപ്പിച്ചു. ദീർഘകാലം തന്റെ പങ്കാളിയായിരുന്ന സ്ത്രീയുമായുള്ള വേർപിരിയൽ അദ്ദേഹത്തിന്‌ വേദനനിറഞ്ഞതായിരുന്നു. കണ്ണീരോടെ അദ്ദേഹത്തെ വിട്ടുപോയ അവർ ശിഷ്ടജീവിതം ആഫ്രിക്കയിലെ ഒരു കന്യാസ്ത്രിമഠത്തിൽ കഴിച്ചു. അഗസ്തീനോസിന്‌ അമ്മ കണ്ടെത്തിയ പ്രതിശ്രുതവധുവിന്‌ പത്തു വയസ്സു മാത്രമായിരുന്നതിനാൽ വിവാഹത്തിന്‌ രണ്ടു വർഷം കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി. ദൈവമേ, എനിക്ക് വിരക്തിയും ഇന്ദ്രിയനിഗ്രഹവും നൽകുക; പക്ഷേ ഇപ്പോൾ വേണ്ട എന്നായിരുന്നു അക്കാലത്തെ തന്റെ പ്രാർത്ഥനയെന്ന് അഗസ്തീനോസ് ഏറ്റുപറയുന്നു.

ക്രി.വ. 386-ലെ വേനൽക്കാലത്ത്, അഗസ്തീനോസിനെ സന്ദർശിച്ച പൊന്തീഷിയാനൂസ് എന്ന ആഫ്രിക്കൻ സുഹൃത്ത്,  അത്തനാസിയൂസ്  രചിച്ച  മരുഭൂമിയിലെ അന്തോനീസിന്റെ  ജീവചരിത്രം വായിച്ച അനുഭവം വിവരിച്ചു.  ക്രിസ്തുമതത്തിലേയ്ക്കുള്ള  അഗസ്തീനോസിന്റെ പരിവർത്തനത്തിനു വഴിതുറന്ന “കൃപയുടെ ആഘാതത്തിലേയ്ക്കു” (stroke of Grace) നയിച്ച അത്മീയ പ്രതിസന്ധി ഉണ്ടായതങ്ങനെയാണ്‌. 33 വയസ്സുള്ളപ്പോൾ നടന്ന ഈ പരിവർത്തനാനുഭവത്തിന്റെ അന്ത്യവും മുഖ്യ സംഭവവുമായത്, പാട്ടുപാടുന്ന സ്വരത്തിൽ “എടുത്തു വായിക്കുക” (tolle, lege) എന്ന് ആവർത്തിച്ചു പറയുന്ന ഒരു കുട്ടിയുടേതുപോലുള്ള ശബ്ദത്തിന്റെ കേൾ‌വി ആയിരുന്നു. തുടർന്ന് അദ്ദേഹം ആദ്യം കണ്ട ഗ്രന്ഥം പൗലോസ് അപ്പസ്തോലന്റെ  ലേഖനങ്ങളുടെ സമാഹാരമായിരുന്നു. അതു തുറന്നപ്പോൾ വായിക്കാൻ കിട്ടിയത്  റോമാക്കാർക്കെഴുതിയ ലേഖനം  പതിമൂന്നാം അദ്ധ്യായത്തിന്റെ ഒടുവിലുള്ള ഈ വാക്യങ്ങളായിരുന്നു:

“രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് പ്രകാശത്തിന്റെ  ആയുധങ്ങൾ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ  യേശുക്രിസ്തുവിനെ  ധരിക്കുവിൻ.  ദുർമോഹങ്ങളിലേക്കു  നയിക്കത്തക്കവിധം  ശരീരത്തെപ്പറ്റി  ചിന്തിക്കാതിരിക്കുവിൻ”.

(റോമാ 13: 12-14)

അതോടെ അഗസ്തീനോസ് പ്രസംഗകലവഴിയുള്ള ഉപജീവനവും മിലാനിലെ അദ്ധ്യാപക സ്ഥാനവും വിവാഹം കഴിക്കാനുള്ള പദ്ധതിയും ഉപേക്ഷിക്കാനും ബ്രഹ്മചര്യനിഷ്ടയിൽ ജീവിക്കാനും  തീരുമാനിച്ചു.

കസ്സീഷ്യക്കം, ജ്ഞാനസ്നാനം

ഇക്കാലത്ത്, ക്ഷയിച്ചിരുന്ന ആരോഗ്യം വീണ്ടെടുക്കാനായി അദ്ദേഹം, മകൻ അദയോദാത്തസ്, അമ്മ മോനിക്ക, സുഹൃത്ത് അലിപ്പിയസ് എന്നിവർക്കൊപ്പം മിലാന്‌ നാല്പത്തേഴു മൈൽ വടക്കുപടിഞ്ഞാറുള്ള കസ്സീഷ്യക്കം എന്ന സ്ഥലത്തെ ഗ്രാമവസതിയിലേയ്ക്കു പോയി. വിരക്കന്ദസ് എന്ന സുഹൃത്തിന്റേതായിരുന്നു ആ വസതി. അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു. കസ്സീഷ്യക്കത്തിൽ അഗസ്തീനോസ് നയിച്ച ചർച്ചകൾ ഒരു കേട്ടെഴുത്തുകാരൻ രേഖപ്പെടുത്തി വച്ചത് സം‌വാദങ്ങൾ എന്ന പേരിൽ ലഭ്യമാണ്‌. മിക്കവാറും, സാധാരണജീവിതത്തിലെ നിസ്സാരസംഭവങ്ങളിൽ തുടങ്ങുന്ന ചർച്ചകളെ അഗസ്തീനോസിന്റെ ധിഷണ, ആഹ്ലാദകരമായ ദാർശനികപ്രാഭാതങ്ങളും സായഹ്നങ്ങളുമാക്കി മാറ്റുന്നത് അവയിൽ കാണാം. അഗസ്തീനോസിന്റെ ലഭ്യമായതിൽ ഏറ്റവും ആദ്യത്തെ രചനകൾ ഈ വിശ്രമഗൃഹത്തിൽ എഴുതിയവയാണ്‌‌. ക്രി.വ. 387-ലെ വലിയനോയമ്പിന്റെ ആരംഭത്തിൽ മിലാനിലേയ്ക്കു പോയ അഗസ്തീനോസ് ഉയിർപ്പുതിരുനാൾ ദിവസം അദയോദാത്തസിനും സുഹൃത്ത് അലിപ്പിയസിനുമൊപ്പം അംബ്രോസ് മെത്രാനിൽ നിന്ന്  ജ്ഞാനസ്നാനം  സ്വീകരിച്ചു.

അമ്മയുടെ മരണം

കുറേക്കാലം കൂടി ഇറ്റലിയിൽ തങ്ങിയ അഗസ്തീനോസ് ഒടുവിൽ  ആഫ്രിക്കയിലേയ്ക്കു  മടങ്ങാൻ തീരുമാനിച്ചു. മടക്കയാത്രയിൽ  ഇറ്റലിയിലെ  ഓസ്തിയയിൽവച്ച്  മോനിക്ക  രോഗബാധിതയായി. അക്കാലത്തൊരിക്കൽ ഓസ്തിയയിൽ ടൈബർ നദീതീരത്തെ വസതിയുടെ ജനാലയിലൂടെ ഉദ്യാനത്തിലേയ്ക്ക് നോക്കിയിരുന്ന് അഗസ്തീനോസും അമ്മയും ആത്മീയ സല്ലാപത്തിൽ ഏർപ്പെട്ടു. മരണാനന്തരമുള്ള സ്വർഗ്ഗസമ്മാനം എങ്ങനെയായിരിക്കുമെന്ന് കൗതുകപൂർ‌വം അന്വേഷിച്ച താനും അമ്മയും നിമിഷനേരത്തേയ്ക്ക് ഒരുമിച്ച്  സ്വർഗ്ഗീയാനുഭൂതിയിൽ  എത്തിച്ചേർന്നതായി  അഗസ്തീനോസ് പറയുന്നു. ആ വർണ്ണനയുടെ  അവസാനം  ഇങ്ങനെയാണ്‌:

ഇങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടുനിന്നപ്പോൾ, സർ‌വ്വാതിശായിയായ ആ നിത്യജ്ഞാനത്തെ ഞങ്ങളുടെ സൂക്ഷ്മബോധം ക്ഷണനേരത്തേയ്ക്ക് എത്തി സ്പർശിച്ചു. ആ അനുഗൃഹീതനിമിഷം അവസാനിക്കാതിരിക്കുക! അതിനോടു യാതൊരു സാമ്യവുമില്ലാത്ത ഇതരദൃശ്യങ്ങളത്രയും അസ്തമിച്ച്, ആ വിനാഴികയിൽ ഞങ്ങളിരുവർക്കും അനുഭവപ്പെട്ട ആന്തരികവും അനവദ്യവുമായ ആനന്ദമൂർച്ഛ അന്തമായി നിലനിൽക്കുക! അഭിലാഷതീവ്രതയാൽ തുടിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ഗ്രഹണശക്തിയെ പുളകമണിയിച്ച ആ അനർഘനിമിഷം പോലെ ജീവിതം മുഴുവൻ കാലാകാലത്തോളം ആയിത്തീരുക! ഹാ!, അതല്ലേ, “നിന്റെ യജമാനന്റെ ആനന്ദത്തിലേയ്ക്കു പ്രവേശിച്ചാലും” എന്നു പറയുന്നത്. എന്നാണ്‌ എനിക്കതിനിടവരിക!

താമസിയാതെ ഓസ്തിയയിൽ മരിച്ച മോനിക്കയെ അവിടെത്തന്നെ സംസ്കരിച്ചു. അഗസ്തീനോസിന്റെ ജീവിതഗതിയേയും വിശ്വാസങ്ങളേയും ആഴത്തിൽ സ്വാധീനിച്ച അവരെ കത്തോലിക്കാ സഭ വിശുദ്ധയായി വണങ്ങുന്നു.

മെത്രാൻ സ്ഥാനത്തേയ്ക്ക്

താമസിയാതെ കാർത്തേജു വഴി ജന്മനഗരമായ താഗാസ്തെയിൽ മടങ്ങിയെത്തിയ അഗസ്തീനോസ്, ബ്രഹ്മചര്യത്തിലുംദാരിദ്ര്യത്തിലും പ്രാർത്ഥനയിലും ഉറച്ച സം‌യമജീവിതത്തിന്‌ തയ്യാറെടുപ്പു തുടങ്ങി. അതിന്റെ ഭാഗമായി, തന്റെ പൈതൃകസ്വത്തിൽ, തഗാസ്തെയിലെ വീടൊഴിച്ചുള്ളതെല്ലാം വിറ്റുകിട്ടിയ പണം അദ്ദേഹം ദരിദ്രർക്ക് ദാനം ചെയ്തു. പിന്നെ അദ്ദേഹവും അലിപ്പിയസും സമാനമനസ്കരായ മറ്റു ചിലരും ചേർന്ന് തഗാസ്തെയിലെ വീട്ടിൽ ഒരു സന്യാസസമൂഹമായി ജീവിക്കാൻ തുടങ്ങി. പാശ്ചാത്യലോകത്തിലെ ഏറ്റവും പുരാതന സന്യാസ സാഹോദര്യമായ അഗസ്തീനിയൻ സഭയുടെ പിറവി അങ്ങനെയായിരുന്നു.ക്രി.വ. 389-ൽ അദയോദാത്തസിന്റെ മരണം അഗസ്തീനോസിനെ ഏറെ ദുഃഖിപ്പിച്ചു. എഴുത്തിലും മറ്റു ജോലികളിലുമാണ്‌ അദ്ദേഹം ആശ്വാസം കണ്ടെത്തിയത്. രണ്ടു വർഷം കഴിഞ്ഞ് തഗാസ്തെയ്ക്ക് അടുത്തുള്ള തുറമുഖപട്ടണമായ ഹിപ്പോയിലെ മെത്രാൻ വലേരിയസിന്‌ ഒരു സഹായിയെ ആവശ്യമായി വന്നപ്പോൾ അഗസ്തീനോസിനെ പൗരോഹിത്യത്തിലേയ്ക്കുയർത്തി.

ക്രി.വ. 396-ൽ വൃദ്ധനായമെത്രാൻവലേരിയസ്, തന്റെ പിൻ‌ഗാമിയെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ വിശ്വാസികളുടെ സമൂഹം പൊതുസമ്മതിയോടെ അഗസ്തീനോസിനെ, അദ്ദേഹത്തിന്റെ എതിർപ്പ് വകവയ്ക്കാതെ, ഹിപ്പോയിലെ മെത്രാൻ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. തന്റെ സന്യാസമൂഹത്തിൽ നിന്നുള്ള ചിലരെ സഹായികളായി തെരഞ്ഞെടുത്ത്ഭരണം തുടങ്ങിയ അദ്ദേഹം അപ്പോഴും സന്യാസിയുടെ ജീവിതമാണ്‌ നയിച്ചത്.

By JF DAS

Admin

Leave a Reply